2010, ജനുവരി 22, വെള്ളിയാഴ്‌ച

എന്‍റെ കേരളം

നമ്മുടെ കേരളത്തെക്കുറിച്ച് മാതൃഭൂമി ദിനപത്രത്തില്‍ വന്ന ന്യൂസ്‌ സ്പെഷ്യല്‍

ദയനീയം കേരളം

ടി.വി.ആര്‍. ഷേണായ്‌
അപവാദങ്ങള്‍ ഏറെ കേട്ട ബിഹാര്‍ 11.03 ശതമാനം വളര്‍ച്ചനിരക്ക് കൈവരിച്ച വാര്‍ത്ത മിക്കവരുടെയും ശ്രദ്ധയില്‍പ്പെട്ടിരിക്കും. അതു ദേശീയ ശരാശരിയായ 8.49 ശതമാനത്തേക്കാള്‍ ഏറെ മുന്നിലും ഗുജറാത്തിന്റെ 11.05 ശതമാനത്തിനു തൊട്ടരികിലുമാണ്.ഇതൊരു ശുഭവാര്‍ത്ത തന്നെയാണെന്ന് മടികൂടാതെ പറയാം. എന്നാല്‍, അത്ര ആവേശഭരിതരാവേണ്ടെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. ബിഹാറിനേക്കാള്‍ എത്രയോ സമ്പന്നമാണ് ഗുജറാത്ത്. വലിയ അടിത്തറയാകുമ്പോള്‍ വളര്‍ച്ചയിലെ ചെറുശതമാനംപോലും വളരെ വലുതായിരിക്കും.

മൊത്ത ആഭ്യന്തര വരുമാനത്തിലെ (ജി.ഡി.പി.) വര്‍ധന, അതെങ്ങനെ സാധാരണപൗരനെ ബാധിക്കുമെന്ന് വളരെക്കുറച്ചു മാത്രമേ പറയുന്നുള്ളൂ. അതിന്റെ ഗുണഫലങ്ങള്‍ എല്ലാവര്‍ക്കുമിടയിലേക്ക് വ്യാപിക്കുമോ അതോ ഈ സാമ്പത്തിക മായാജാലം കുറച്ചുപേരില്‍ മാത്രം ഒതുങ്ങുമോ?കേന്ദ്ര സ്ഥിതിവിവര, പദ്ധതി നിര്‍വഹണ മന്ത്രാലയത്തിനുകീഴിലുള്ള സെന്‍ട്രല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓര്‍ഗനൈസേഷനാണ് 11.03 ശതമാനം വളര്‍ച്ചയുടെ കണക്കെടുത്തത്. ദയനീയമായി ഡിസൈന്‍ ചെയ്തിരിക്കുന്ന അതിന്റെ വെബ്‌സൈറ്റില്‍ ഇരുപതിന പരിപാടിയെക്കുറിച്ച് പറയുന്നുണ്ട്.

ഇരുപതിനങ്ങള്‍ ഇവയാണ്. ഗരീബി ഹഠാവോ (ദാരിദ്ര്യനിര്‍മാര്‍ജനം), ജനശക്തി (അധികാരം ജനങ്ങള്‍ക്ക്), കിസാന്‍മിത്ര (കര്‍ഷകര്‍ക്ക് പിന്തുണ), ശ്രമിക് കല്യാണ്‍ (തൊഴിലാളിക്ഷേമം), ഖദ്യ സുരക്ഷ (ഭക്ഷ്യസുരക്ഷ), സബ്‌കേലിയേ ആവാസ് (എല്ലാവര്‍ക്കും പാര്‍പ്പിടം), ശുദ്ധ പേയ ജലം (ശുദ്ധമായ കുടിവെള്ളം), ജന്‍ ജന്‍ കാ സ്വാസ്ഥ്യ (എല്ലാവര്‍ക്കും ആരോഗ്യം), സബ് കേലിയേ ശിക്ഷ (എല്ലാവര്‍ക്കും വിദ്യാഭ്യാസം), അനുശുചിത് ജാതി, അല്പസംഖ്യക് ഏവം അന്യ പിച്ച്‌റ വര്‍ഗ് കല്യാണ്‍ (പട്ടികജാതി-പട്ടികവര്‍ഗ, ന്യൂനപക്ഷ, മറ്റു പിന്നാക്ക വിഭാഗ ക്ഷേമം), മഹിളാ കല്യാണ്‍ (വനിതാക്ഷേമം), ബാല കല്യാണ്‍ (ശിശുക്ഷേമം), യുവവികാസ് (യുവജനക്ഷേമം), ബസ്തി സുധര്‍ (ചേരിപ്രദേശ പുരോഗതി), പര്യാവരണ്‍ സംരക്ഷണ്‍ ഏവം വന്‍വൃദ്ധി (പരിസ്ഥിതി സംരക്ഷണം, വനവല്‍ക്കരണം), സാമാജിക് സുരക്ഷ (സാമൂഹിക സുരക്ഷ), ഗ്രാമീണ്‍ സഡക് (ഗ്രാമീണ റോഡുകള്‍), ഗ്രാമീണ്‍ ഊര്‍ജ (ഗ്രാമീണമേഖലയില്‍ വൈദ്യുതീകരണം), പിച്ച്‌റ ക്ഷേത്ര വികാസ് (പിന്നാക്കമേഖലാ വികസനം), ഇ-ഷസാന്‍ (ഐ.ടി. അധിഷ്ഠിത ഭരണസമ്പ്രദായം).

വായിലൊതുങ്ങാത്ത ഈ പട്ടികയിലെ ഇനങ്ങളില്‍ ഏറെയും പരാജയപ്പെടാന്‍വേണ്ടി രൂപകല്പന ചെയ്യപ്പെട്ടവയാകണം. (ദാരിദ്ര്യനിര്‍മാര്‍ജനം നടക്കുമോ?) ചിലതാകട്ടെ നടപ്പാക്കാന്‍ അസാധ്യവും. (ജനാധികാരം എങ്ങനെ ഒരാള്‍ക്ക് അക്കങ്ങളില്‍ പറയാന്‍ കഴിയും?) വളര്‍ച്ച നിശ്ചയിക്കാന്‍ സ്വീകരിച്ച മാനദണ്ഡങ്ങള്‍ കണക്കുകൂട്ടാന്‍ കഴിയുന്നവ തന്നെയാണ്. റോഡു നിര്‍മാണം, പമ്പുസെറ്റുകളുടെ എണ്ണം, വൈദ്യുതീകരണം, നട്ടുപിടിപ്പിച്ച വൃക്ഷത്തൈകള്‍, വിവിധ പദ്ധതികള്‍ പ്രകാരം നിര്‍മിച്ച വീടുകള്‍ തുടങ്ങിയവയൊക്കെ.

എന്റെ ജന്മദേശമായ കേരളത്തിന്റെ പ്രകടനം തികച്ചും നിരാശാജനകമായി. മുപ്പതംഗ പട്ടികയില്‍ അവര്‍ പതിനാറാം സ്ഥാനം പങ്കിട്ടു. 2009 ഏപ്രില്‍-സപ്തംബര്‍ കാലയളവിലെ കണക്കാണിത്. 16-ാം സ്ഥാനത്തുള്ള രണ്ടാമത്തെ സംസ്ഥാനമാകട്ടെ മറ്റൊരു ഇടതുകോട്ടയായ പശ്ചിമബംഗാളും.

ദക്ഷിണേന്ത്യയിലെ മറ്റു സംസ്ഥാനങ്ങളായ കര്‍ണാടക (മൂന്നാം സ്ഥാനം), തമിഴ്‌നാട് (നാലാം സ്ഥാനം പങ്കിട്ടു), ആന്ധ്രപ്രദേശ് (ആറാം സ്ഥാനം) എന്നിവയേക്കാള്‍ ഏറെ പിന്നിലാണ് കേരളം. ഈ മൂന്നുസംസ്ഥാനങ്ങളും ഗുജറാത്തും കേരളത്തെ പിന്തള്ളിയത് മനസ്സിലാക്കാവുന്നതേയുള്ളൂ. എന്നാല്‍, ജനങ്ങള്‍ക്ക് സേവനമെത്തിക്കുന്ന കാര്യത്തില്‍ ജാര്‍ഖണ്ഡ് പോലൊരു സംസ്ഥാനം കേരളത്തെ പിന്നിലാക്കിയത് ലജ്ജാകരംതന്നെ.

റോഡുകളുടെ കാര്യം ഉദാഹരണമായിട്ടെടുക്കാം. നിര്‍മാണത്തിലെ ഒച്ചിഴയും വേഗം കേരളത്തില്‍ എരിവേറിയ തമാശയ്ക്ക് വിഷയമാണ്. ഇപ്പോഴിതാ സെന്‍ട്രല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓര്‍ഗനൈസേഷന്‍ യഥാര്‍ഥ കണക്കുകള്‍ പുറത്തുവിട്ടിരിക്കുന്നു. അവരുടെ റിപ്പോര്‍ട്ടിന്റെ 17-ാം പട്ടികപ്രകാരം 2009 ഏപ്രില്‍ മുതല്‍ സപ്തംബര്‍വരെയുള്ള ആറുമാസക്കാലയളവില്‍ കേരളം ഗ്രാമീണമേഖലയില്‍ നിര്‍മിക്കാന്‍ ലക്ഷ്യമിട്ടത് 71 കിലോമീറ്റര്‍ റോഡ്. പക്ഷേ, പണിയാന്‍ കഴിഞ്ഞത് 44 കിലോമീറ്റര്‍ മാത്രം; വെറും 62 ശതമാനം.

ദക്ഷിണേന്ത്യയിലെ മറ്റു പ്രധാന സംസ്ഥാനങ്ങളുടെ കാര്യം നോക്കാം. ആന്ധ്രപ്രദേശ് 705 കിലോമീറ്റര്‍ ഗ്രാമീണ റോഡുകള്‍ പൂര്‍ത്തിയാക്കാനാണ് ഉദ്ദേശിച്ചത്; പക്ഷേ, പണി തീര്‍ത്തത് 961 കിലോമീറ്റര്‍! (അത് തെറ്റല്ല; ലക്ഷ്യമിട്ടതിന്റെ 136 ശതമാനം അവര്‍ പൂര്‍ത്തിയാക്കി.) കര്‍ണാടകം 614 കിലോമീറ്റര്‍ ഗ്രാമീണ റോഡ് പണിയാന്‍ ലക്ഷ്യമിട്ടു; പൂര്‍ത്തിയാക്കിയതാകട്ടെ 992 കിലോമീറ്റര്‍! ലക്ഷ്യത്തിന്റെ 162 ശതമാനം. തമിഴ്‌നാട് 276 കിലോമീറ്റര്‍ നിര്‍മിക്കാന്‍ ഉദ്ദേശിച്ചപ്പോള്‍ മുഴുവനാക്കിയത് 736 കിലോമീറ്റര്‍! (267 ശതമാനമെന്ന അവിശ്വസനീയ നേട്ടം.).

അയല്‍ക്കാര്‍ ലക്ഷ്യത്തിനപ്പുറം നേട്ടം കൈവരിക്കുമ്പോള്‍ കേരളം എന്തുകൊണ്ട് ബഹുദൂരം പിന്നിലായിപ്പോകുന്നു? 'ദയനീയം' എന്ന ഒറ്റവാക്കിലാണ് സെന്‍ട്രല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓര്‍ഗനൈസേഷന്‍ കേരളത്തിന്റെ പ്രകടനത്തെ തള്ളിപ്പറയുന്നത്. (എണ്‍പതു ശതമാനത്തില്‍ താഴെയുള്ള യാതൊന്നും അവരെ സംബന്ധിച്ച് സ്വീകാര്യമല്ല.)

റിപ്പോര്‍ട്ടിന്റെ 19-ാം പട്ടിക 'പമ്പുസെറ്റുകള്‍ക്ക് ഊര്‍ജം' നല്‍കുന്നതിനെക്കുറിച്ച് പറയുന്നു. തലക്കെട്ടുകള്‍ക്കുള്ള ശീര്‍ഷകമല്ലായിരിക്കാം അത്. എന്നാല്‍, കാര്‍ഷികോത്പാദനം ഉയര്‍ത്താന്‍ അത് അനിവാര്യം. നടപ്പുസമ്പദ്‌വര്‍ഷത്തിന്റെ ആദ്യപാതിയില്‍ കേരളത്തിന്റെ പ്രകടനം എങ്ങനെയായിരുന്നു?

ആറായിരം പമ്പുസെറ്റുകള്‍ക്ക് വൈദ്യുതി നല്‍കാനാണ് കേരളം ലക്ഷ്യമിട്ടത്; എന്നാല്‍, പൂര്‍ത്തീകരിച്ചത് 3761 മാത്രം. വിജയശതമാനം 63-ല്‍ ഒതുങ്ങി.അതേസ്ഥാനത്താണ് കര്‍ണാടകം ലക്ഷ്യമിട്ടതിന്റെ 163 ശതമാനവും തമിഴ്‌നാട് 140 ശതമാനവും കൈവരിച്ചു. ആന്ധ്രപ്രദേശിന്‍േറത് താരതമ്യേന പരാജയ കഥയായി; ലക്ഷ്യമിട്ടതിന്റെ 92 ശതമാനം 'മാത്രമേ' അവര്‍ക്ക് പൂര്‍ത്തീകരിക്കാനായുള്ളൂ. (പക്ഷേ, അത്തരം പരാജയങ്ങളെക്കുറിച്ച് കേരളീയര്‍ക്ക് സ്വപ്നംകാണാന്‍ മാത്രമേ കഴിയൂ!)

പമ്പുകള്‍ക്ക് വൈദ്യുതി നല്‍കിയാലും കാര്യമായ വ്യത്യാസമുണ്ടാക്കാനാവില്ലെന്ന് കേരള സര്‍ക്കാര്‍ കരുതിയിരിക്കാം. അതല്ലെങ്കില്‍ ആവശ്യത്തിനു വെള്ളമില്ലെന്ന് ചിന്തിച്ചിട്ടാകാം. പട്ടിക 9 (ബി) 'സത്വര ഗ്രാമീണ ജലവിതരണ പദ്ധതി'യെക്കുറിച്ച് പറയുന്നു. ആറുമാസക്കാലയളവില്‍ 118 ശുദ്ധജലവിതരണ പദ്ധതികള്‍ തുടങ്ങാനാണ് കേരളം ലക്ഷ്യമിട്ടത്. എന്നാല്‍ റിപ്പോര്‍ട്ടു പ്രകാരം ഒരൊറ്റയെണ്ണം ആരംഭിക്കാന്‍ കഴിഞ്ഞിട്ടില്ല. എനിക്കു തെറ്റിയതല്ല; ഈ വിഭാഗത്തില്‍ കേരളത്തിന്റെ കള്ളിയിലെ അക്കം വട്ടപ്പൂജ്യമാണ്. പശ്ചിമബംഗാള്‍ കുറെക്കൂടി ഭേദമാണ്. അവിടത്തെ ഇടതുസര്‍ക്കാര്‍ ലക്ഷ്യമിട്ടതിന്റെ 10 ശതമാനം പദ്ധതികള്‍ പൂര്‍ത്തിയാക്കി.

സമ്പദ് മേഖലയില്‍ ശക്തമായ ഉണര്‍വു സൃഷ്ടിക്കുന്നതാണ് ഭവനനിര്‍മാണമേഖല. കേരളത്തിന്റെ പ്രകടനം എങ്ങനെയായിരുന്നു? ഇന്ദിരാ ആവാസ് യോജന, ഗ്രാമീണ ഭവനനിര്‍മാണ പദ്ധതി എന്നിവയ്ക്കു കീഴില്‍ ലക്ഷ്യമിട്ടതിന്റെ 68 ശതമാനമേ കേരളത്തിനു പൂര്‍ത്തിയാക്കാനായുള്ളൂ. (ആന്ധ്ര 165%, കര്‍ണാടക 108%, തമിഴ്‌നാട് 115% എന്നിങ്ങനെയാണ് മറ്റു സംസ്ഥാനങ്ങളുടെ കണക്ക്.)

നഗരമേഖലകളിലെ താഴ്ന്ന വരുമാനക്കാര്‍ക്കായുള്ള ഭവനനിര്‍മാണ പദ്ധതിയുടെ കാര്യത്തില്‍ ലക്ഷ്യപൂര്‍ത്തീകരണം വീണ്ടും ഇടിഞ്ഞു; 40 ശതമാനം മാത്രം. (വിശ്വസിച്ചാലും ഇല്ലെങ്കിലും ഗുജറാത്ത് ഈ മേഖലയില്‍ ലക്ഷ്യത്തിന്റെ 565 ശതമാനമാണ് പൂര്‍ത്തിയാക്കിയത്.)

ശരിയാണ്, ബിഹാറിനെ അപേക്ഷിച്ച് ഒട്ടേറെ രംഗങ്ങളില്‍ കേരളം മുന്നിലാണ്. എന്നാല്‍ നിതീഷ് കുമാര്‍ മുഖ്യമന്ത്രിയായതോടെ ആ സംസ്ഥാനം വികസന വഴിയില്‍ മുന്നേറുന്നുണ്ട്. കേരളത്തിന്റെ പ്രകടനമാകട്ടെ മിക്കരംഗങ്ങളിലും ഇടത്തരം മാത്രം. മറ്റൊന്ന്, ബിഹാറിനു പകരം ആന്ധ്ര, തമിഴ്‌നാട്, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങളുമായാണ് കേരളത്തെ താരതമ്യം ചെയ്യേണ്ടത്.

2009 ഏപ്രിലിനും സപ്തംബറിനുമിടയിലെ കണക്കുകളാണ് നമ്മള്‍ വിശകലനം ചെയ്യേണ്ടത്. അതിനിടയിലാണ് പൊതുതിരഞ്ഞെടുപ്പു നടന്നതെന്ന് ഓര്‍ക്കുക. വികസന പ്രവര്‍ത്തനവും തിരഞ്ഞെടുപ്പുഫലവും തമ്മില്‍ നേരിട്ട് ബന്ധമുണ്ടെന്ന് സെന്‍ട്രല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓര്‍ഗനൈസേഷന്റെ പട്ടികകള്‍ പറയുന്നു.

റോഡുനിര്‍മാണം, ഗ്രാമീണ ഭവനനിര്‍മാണം തുടങ്ങിയ മേഖലകളില്‍ ആന്ധ്ര, തമിഴ്‌നാട്, കര്‍ണാടക സംസ്ഥാനങ്ങളിലെ മന്ത്രിസഭകള്‍ക്കു കാര്യമായ പുരോഗതിയുണ്ടാക്കാന്‍ കഴിഞ്ഞു. കേരളമന്ത്രിസഭയുടെ പ്രകടനത്തിനു 'ദയനീയം' എന്ന വിശേഷണം സെന്‍ട്രല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓര്‍ഗനൈസേഷന്‍ ചാര്‍ത്തിക്കൊടുത്തു. ഏതൊക്കെ സംസ്ഥാനങ്ങള്‍ നന്ദിപൂര്‍വം ഭരണകക്ഷിയുടെ പ്രതിനിധികളെ ലോക്‌സഭയിലേക്ക് അയച്ചുവെന്നും ഏതൊക്കെ സംസ്ഥാനങ്ങള്‍ അങ്ങനെ ചെയ്തില്ലെന്നുമുള്ള ചോദ്യത്തിന്റെ ഉത്തരം ഊഹിക്കാവുന്നതേയുള്ളൂ. ആ ഉത്തരത്തിനു സമ്മാനമില്ല.